ഫാസിസം നാസിസം
ഫാസസ് എന്ന ലാറ്റിൻ വാക്കിൽ നിന്ന് രൂപം കൊണ്ടതാണ്, ഫാസിസം എന്ന പദം. ‘'കൂട്ടം' എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഇറ്റലിയിൽ 1921-ൽ ഫാസിസ്റ്റ് പാർട്ടി രൂപീകരിച്ചത് ബെനിറ്റോ മുസ്സോളിനിയാണ്. തീവ്ര ദേശീയതയിൽ ഊന്നിയ ജനാധിപത്യവിരുദ്ധ നിലപാടുകളായിരുന്നു ഫാസിസ്റ്റുകളുടേത്. ജനങ്ങളുടെ ഇടയിൽ ഭീകരത സൃഷ്ടിക്കാൻ മുസ്സോളിനി രൂപീകരിച്ച സായുധ സംഘമാണ് ഫാസസ്.
ഫാസിസം എന്ന സർവാധിപത്യ പ്രത്യയശാസ്ത്രത്തെ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ അവതരിപ്പിച്ച മുസ്സോളിനി, സർക്കാരിനെതിരെ വൻ സമരം സംഘടിപ്പിച്ചു. ഇതേ തുടർന്ന് 1922-ൽ അദ്ദേഹം ഇറ്റലിയുടെ പ്രധാനമന്ത്രിയായി. ദേശീയതയും, സൈനികാധിപത്യവും, കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്നതായിരുന്നു. അദ്ദേഹത്തിന്റെ ഭരണക്രമം.
1919-ൽ ഹിറ്റ്ലർ നാസി പാർട്ടി (നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി ) ജർമ്മനിയിൽ രൂപീകരിച്ചു. ഫാസിസത്തിന്റെ കിരാത രൂപമായി അത് ജർമ്മനിയിൽ വളർന്നു വികസിച്ചു. വംശങ്ങളിൽ ശ്രേഷ്ഠർ ആര്യന്മാരാണെന്നും, അവരിൽ ഏറ്റവും കേമന്മാർ ജർമ്മൻകാരാണെന്നും, നാസികൾ വാദിച്ചു. യഹൂദരേയും, ഫാസിസ്റ്റു വിരുദ്ധരേയും വധിക്കാനും മർദ്ധിക്കാനും ബ്രൗൺ ഷർട്ട്സ് എന്ന സ്വകാര്യ സേനയ്ക്ക് നാസികൾ രൂപം നൽകി. യുദ്ധത്തെ പുരോഗതിയിലേക്കുള്ള ചവിട്ടുപടിയായാണ്, നാസികൾ കണ്ടത്. 1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു ഹിറ്റ്ലർ. 1936-ൽ മുസ്സോളിനിയും, ഹിറ്റ്ലറുമായി ‘' ഉരുക്കു സന്ധി ‘എന്ന സഖ്യ കരാറിൽ ഒപ്പുവെച്ചു.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത് 1939-ലും അവസാനിച്ചത് 1945 ലും ആണ്. നാസി പാർട്ടിയുടെ ആവിർഭാവവും വാഴ്സാ സന്ധിയുമാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ ഒരു ‘കാരണം. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച വാഴ്സാ സന്ധി പ്രകാരം ജർമ്മനിയുടെ ധാരാളം ഭൂപ്രദേശങ്ങൾ വിട്ടു കൊടുക്കേണ്ടതായി വന്നു. ഈ ഉടമ്പടി ജർമ്മനിയുടെ മേൽ നിരവധി സാമ്പത്തിക ബാദ്ധ്യതകൾ കെട്ടിവെച്ചു. ഭുരിഭാഗം ജർമ്മൻകാരും ഈ ഉടമ്പടിയെ എതിർത്തു. യുദ്ധാനന്തര ജർമ്മനിയുടെ രാഷ്ട്രീയ, സാമ്പത്തീക, സാമൂഹിക അവസ്ഥകൾ ഹിറ്റ്ലർ തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കുപയോഗിച്ചു. തന്റെ അസാമാന്യ പ്രസംഗ വൈദഗ്ദ്യം ഉപയോഗിച്ച് വാഴ്സാ ഉടമ്പടിയെ ആക്രമിച്ചും ജർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ഹിറ്റ്ലർ ജനപ്രീതി വർദ്ധിപ്പിച്ചത്.
1939-ലെ ജർമ്മനിയുടെ പോളണ്ട് ആക്രമണമാണ് രണ്ടാം ലോക മഹായുദ്ധത്തിന് കാരണമായത്. അച്ചുതണ്ട് ശക്തികൾ എന്നറിയപ്പെടുന്ന ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നിവർ ഒരു വശത്തും സഖ്യശക്തികളായ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നിവർ മറു ഭാഗത്തുമായാണ് യുദ്ധം നടന്നത്. സഖ്യശക്തികൾക്ക് വിജയം ലഭിച്ച ഈ യുദ്ധത്തിൽ തോൽവി സമ്മതിച്ച ആദ്യ രാജ്യം ഇറ്റലിയും, അവസാന രാജ്യം ജപ്പാനുമായിരുന്നു. 1945- ഏപ്രിൽ 30 ന് ഹിറ്റ്ലർ ഭാര്യയോടൊപ്പം ആത്മഹത്യചെയ്തു.
ഹിറ്റ്ലറിന്റെ സ്വേച്ഛാധിപത്യപരവും, വംശീയ വെറിയും കാരണം അഞ്ച് കോടിയോളം പേർക്ക് ഈ കാലയളവിൽ ജീവൻ നഷ്ടമായി. ഇതിൽ ആറ് ദശലക്ഷത്തോളം ജൂതന്മാർ ഉണ്ടായിരുന്നു. ഹിറ്റ്ലറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുസ്സോളിനിയെ 1945 ഏപ്രിൽ 27 ന് കമ്മൂണിസ്റ്റ് പോരാളികൾ വധിച്ചു.
ഫാസിസവും, നാസിസവും ചരിത്രത്തിൽ അവശേഷിപ്പിച്ചത് കൂട്ടക്കൊലകളുടേയും, വംശീയ വിദ്വേഷത്തിന്റേയും കഥകളാണ്. അതു കൊണ്ട് തന്നെ സങ്കുചിതമായ ചിന്തകളെയും, മനുഷ്യകുലത്തെ വേർതിരിക്കുന്ന വംശീയ പരാമർശങ്ങളേയും നമ്മൾ ഭയക്കുന്നത്. ഇത്തരം ചിന്താഗതികൾ ഫാസിസ്റ്റ് ചിന്താഗതി ആകുന്നത് കൊണ്ടു കൂടിയാണ്.
1933 മുതൽ 1945 വരെ അഡോൾഫ് ഹിറ്റ്ലറുടെയും ദേശീയ സോഷ്യലിസ്റ്റ് ജർമൻ തൊഴിലാളി പാർട്ടിയുടെയും (NSDAP) ഭരണത്തിൻകീഴിലുള്ള ജർമൻ രാജ്യത്തിനു ഇംഗ്ലീഷ് സംസാരഭാഷയിലുള്ള പേരാണ് നാസി ജർമനി അഥവാ ദി തേർഡ് റെയ്ശ്. തേർഡ് റെയ്ശ് അഥവാ മൂന്നാം റെയ്ശ് എന്നത് വിശുദ്ധ റോമാ സാമ്രാജ്യത്തിനും 1871 മുതൽ 1918 വരെ നിലവിലിരുന്ന ജർമൻ സാമ്രാജ്യത്തിനും ശേഷം നിലവിൽ വന്നത് എന്നു സൂചിപ്പിക്കുന്നു. ജർമനിൽ 1943 വരെ ഡോയിഷെസ് റെയ്ശ് (ജർമൻ റെയ്ശ്) എന്നറിയപ്പെട്ട രാജ്യത്തിന്റെ ഔദ്യോഗിക നാമം 1943നുശേഷം ഗ്രോസ്ഡൊയിഷെസ് റെയ്ശ് (ശ്രേഷ്ഠ ജർമൻ റെയ്ശ്) എന്നു മാറ്റി.
ചരിത്രം 1914-18
നീണ്ടുനിന്ന യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ജർമനിയെ തകർച്ചയുടെ വക്കിലെത്തിച്ചു. അതു ജനങ്ങളിൽ വ്യാപകമായ അസംതൃപ്തി വളർത്തി. നാസി പ്രസ്ഥാനം ജർമനിയിലെ ബവേറിയ പ്രവിശ്യയിലാണ് തുടക്കം കുറിച്ചത്. ജർമനിയിൽ ഏറ്റവും പിന്നോക്കമായ പ്രദേശമായിരുന്നു ബവേറിയ. ഹിറ്റ്ലറുടെ ജൂതവിരോധവും ധാർമികരോഷപ്രകടനവും ബവേറിയക്കാരുടെ 'പിന്നാക്കഭാവുകത്വ'ത്തെ ആകർഷിച്ചു. ഒന്നാം ലോകയുദ്ധത്തിലെ പരാജയം ജർമനിയെ വേട്ടയാടിയ കാലഘട്ടമായിരുന്നു അത്. ജർമനിയുടെ തോൽവി യുദ്ധഭൂമിയിലെ അന്തസ്സായ തോൽവിയല്ല. ശത്രുക്കൾ പരാജയപ്പെടുത്തുകയായിരുന്നില്ല മറിച്ച്, അകത്തുതന്നെയുള്ള ശത്രുക്കൾ ജർമനിയെ പിന്നിൽനിന്നു കുത്തിവീഴ്ത്തുകയായിരുന്നു. ജർമനിയെ തോല്പിച്ചത് മാർക്സിസ്റ്റുകൾ ആയിരുന്നു: ഇതൊക്കെയായിരുന്നു നാസികളുടെ വാദങ്ങൾ. ഒന്നാംലോകയുദ്ധത്തെത്തുടർന്ന് രൂപംകൊണ്ട വെയ്മർ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും നാസികൾ 'മാർക്സിസ്റ്റുകൾ' എന്നാണ് വിശേഷിപ്പിച്ചത്.
1919 ജനുവരിയിൽ പുതിയ 'വെയ്മർ ഭരണഘടന'യനുസരിച്ചുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നു. ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 11.5 ലക്ഷം വോട്ടുകൾ ലഭിച്ചു. 18 മാസങ്ങൾക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇത് പകുതിയായി കുറഞ്ഞു. 'ദേശീയവാദികൾ' എന്നു സ്വയം വിശേഷിപ്പിച്ച മുതലാളി വിഭാഗങ്ങൾ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ എതിർത്തു. തൊഴിലാളികളുടെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ മുന്നേറ്റത്തിൽ ഭയന്ന സൈന്യത്തിലെ ഒരു വിഭാഗം 'ഫ്രീ കോർപ്സ്' (Free Crops) എന്ന പേരിൽ സംഘടിക്കുകയും ദേശീയവാദികളെ പിന്തുണയ്ക്കുകയും ചെയ്തു. ജനകീയാടിത്തറയുള്ള പാർട്ടികൾ ജർമൻ റിപ്പബ്ലിക്കിന്റെ ഭാഗത്തായിരുന്നു - 1930 വരെയും. വെയ്മർ റിപ്പബ്ലിക്കിന് സോഷ്യൽ ഡെമോക്രാറ്റുകളുടെയും മറ്റു ബൂർഷ്വാ പാർട്ടികളുടെയും പിന്തുണ ലഭിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, കാത്തലിക് സെന്റർ പാർട്ടി, ജർമൻ പീപ്പിൾസ് പാർട്ടി തുടങ്ങിയ പാർട്ടികൾ ഗവൺമെന്റിനെ പിന്തുണച്ചു.
1920-ൽ മ്യൂണിക്ക് ആസ്ഥാനമാക്കി 'ദ് ജർമൻ വർക്കേഴ്സ് പാർട്ടി' സ്ഥാപിതമാവുകയും ജനാധിപത്യ പരിഷ്കാരങ്ങളെ എതിർക്കുകയും ചെയ്തു. സൈനികനായിരുന്ന അഡോൾഫ് ഹിറ്റ്ലർ ഈ പാർട്ടിയിൽ ചേർന്നു. തുടർന്ന് അദ്ദേഹം സംഘടനയെ 'നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി' എന്ന് പുനർനാമകരണം ചെയ്തു. 'സോഷ്യലിസം', 'തൊഴിലാളികൾ' എന്നീ പദങ്ങൾ പേരിലുണ്ടായിരുന്നെങ്കിലും സാമ്രാജ്യത്വ, വംശീയ പ്രത്യയ ശാസ്ത്രമായിരുന്നു ഈ പാർട്ടിയെ നയിച്ചത്.
സാമ്പത്തികത്തകർച്ചയെ തുടർന്ന് ജനങ്ങളിലുണ്ടായ അസംതൃപ്തിയെ ഫലപ്രദമായി ഉപയോഗിക്കാൻ ഹിറ്റ്ലറുടെ പ്രസ്ഥാനത്തിന് കഴിഞ്ഞു. ആദ്യകാലങ്ങളിൽ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നിലപാട് സ്വീകരിച്ചത് തൊഴിലാളികളുടെയും ദരിദ്രരുടെയും പിന്തുണയുറപ്പിച്ചു. അക്കാലത്ത് ഫ്രഞ്ച്-ബ്രിട്ടീഷ്-അമേരിക്കൻ കമ്പനികൾ ജർമനിയിൽ വൻതോതിൽ നിക്ഷേപം നടത്തുകയും, വൻലാഭം കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ പ്രചാരണങ്ങൾ ദേശീയവികാരം ഉണർത്തുന്നതിന് സഹായകമായിത്തീർന്നു. 'അധ്വാനിച്ചുണ്ടാക്കാത്ത ധനം' എന്ന മുദ്രാവാക്യത്തിലൂടെ, വിദേശ മൂലധന ശക്തികൾ സമ്പാദിക്കുന്ന മിച്ചമൂല്യം, കൊള്ളയടിക്കപ്പെടുന്ന ജർമൻ സമ്പത്താണെന്ന് പ്രചരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. മറ്റൊരു മുദ്രാവാക്യം ജൂതവിരോധമായിരുന്നു. 'ജർമൻ വംശത്തിന്റെ ശുദ്ധിയും ഐക്യവും' (Unit and Purity of German Race) എന്ന മുദ്രാവാക്യത്തിലൂടെ ജൂതവിദ്വേഷത്തെ ജർമൻ ദേശീയവികാരമായി പരിവർത്തിപ്പിക്കുന്നതിലും അവർ വിജയിച്ചു.
നാസി പാർട്ടിയുടെ ആദ്യകാലവളർച്ചയെ സഹായിച്ച പ്രധാനഘടകങ്ങൾ ഇവയാണ്: (1) സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ (2) ഹിറ്റ്ലറുടെ വാക്ചാതുരി (3) തൊഴിലാളികളുടെയും താഴ്ന്ന ഇടത്തരക്കാരുടെയും പിന്തുണ. നാസിപ്രത്യയശാസ്ത്രത്തിലെ മുഖ്യഘടകം 'ജർമൻ സോഷ്യലിസം' എന്ന മുദ്രാവാക്യമായിരുന്നു. 'ജർമൻ' എന്ന ആശയത്തിലൂടെ സമ്പദ്ഘടനയിലെ ഭരണകൂട ഇടപെടലിനു ബുർഷ്വാ വിഭാഗങ്ങളുടെയും 'സോഷ്യലിസം' എന്ന മുദ്രാവാക്യത്തിലൂടെ തൊഴിലാളികളുടെയും പിന്തുണ നേടി. ഇതിനിടയിൽ നാസികൾ വെയ്മർ റിപ്പബ്ളിക്കിന്റെ ഭരണഘടനയെ തള്ളിപ്പറയുകയും ചെയ്തിരുന്നു. 1923-ൽ അട്ടിമറിയിലൂടെ ബവേറിയയിലെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഹിറ്റ്ലർ ഒൻപത് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ജയിൽമോചിതനായ ശേഷം അയാൾ നാസിപാർട്ടിയെ നിയമവിധേയമായ പാർലമെന്ററി പാർട്ടിയായി പുനസ്സംഘടിപ്പിച്ചു. എങ്കിലും നാസിപാർട്ടി അതിന്റെ ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടരുകയും എസ്.എസ്. സ്റ്റോംട്രൂപ്പ്സ് (S.S.Stormtroops) എന്ന പേരിൽ ഒരു 'സായുധ ഗുണ്ടാസംഘ'ത്തെ വളർത്തിയെടുക്കുകയും ചെയ്തു.
1929-30-ലെ ലോകസാമ്പത്തിക മാന്ദ്യം ജർമൻ സമ്പദ്ഘടനയെ തകർച്ചയുടെ വക്കിലെത്തിച്ചു. തൊഴിലില്ലായ്മ രൂക്ഷമാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം കുത്തനെ ഇടിയുകയും ചെയ്തു. 1930 സെപ്റ്റംബർ 14-നു പുതിയ തെരഞ്ഞെടുപ്പിൽ നടന്നു. ഈ തെരഞ്ഞെടുപ്പിൽ നാസിപാർട്ടി ജർമനിയിലെ പ്രമുഖരാഷ്ട്രീയ കക്ഷിയായി മാറി. 1928-ലെ തെരഞ്ഞെടുപ്പിനു ലഭിച്ചതിന്റെ എട്ടിരട്ടി വോട്ട് അവർക്ക് ലഭിച്ചു. ലോകസാമ്പത്തിക മാന്ദ്യം ജർമനിയുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലുണ്ടാക്കിയ അഗാധപ്രതിസന്ധികളുടെ ഉത്പന്നമായിരുന്നു നാസിസത്തിനുണ്ടായ അഭൂതപൂർവമായ ജനപ്രീതി. ജനങ്ങൾക്കിടയിലെ അതൃപ്തിയും അരക്ഷിതത്വവും നിരാശയും ചൂഷണം ചെയ്യുന്നതിൽ നാസികൾ വിജയിച്ചു. അരക്ഷിതാവസ്ഥയുടെ ഇരുളിൽ തപ്പിയ ജർമൻകാർക്ക് നാസികളുടെ പരിഹാരനിർദ്ദേശങ്ങൾ വലിയ പ്രത്യാശയാണ് നല്കിയത്. ജർമൻ ജനതയുടെ 'ന്യൂറോസിസ്സി'ന്റെ രാഷ്ട്രീയ പ്രകാശനമായിരുന്നു നാസിസത്തിന്റെ മുന്നേറ്റം. ഭാവി ശോഭനമാകണമെങ്കിൽ ഭൂതകാലത്തിൽനിന്ന് വിച്ഛേദിച്ചുമാറണമെന്നും തികച്ചും പുതിയ സമീപനങ്ങൾ ആവശ്യമാണെന്നും നാസിസം വാദിച്ചു.
ആശയപരവും സംഘടനാപരവുമായി നാസിസം ഒട്ടുംതന്നെ സുസംഘടിതമായിരുന്നില്ല. പല ചിന്താഗതിക്കാരും, വിഭിന്ന പ്രവണതകളും ആധിപത്യം പുലർത്തുകയും തികച്ചും ശിഥിലമായ ഘടനയുണ്ടാവുകയും ചെയ്തതിനാൽ, 'ശക്തനും അപ്രമാദിയുമായ ഒരു നേതാവ്' എന്ന സങ്കല്പത്തിനു പ്രാമുഖ്യം ലഭിച്ചു. ഈ നേതൃപൂജ ജനകീയമാവുകയും ക്രമേണ ഹിറ്റ്ലർക്ക് അപ്രമാദിയും അതിമാനുഷനുമായ നേതാവിന്റെ അത്ഭുതപരിവേഷം നല്കപ്പെടുകയും ചെയ്തു. 1932 ജൂലായിലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇവർ, ജനങ്ങളെ ആകർഷിക്കാൻ നല്കിയ വാഗ്ദാനങ്ങൾ ഇവയാണ്: 1. ഒരു വർഷത്തിനുള്ളിൽ പാവങ്ങൾക്ക് നാലു ലക്ഷം വീടുകൾ നിർമിച്ചു നല്കും. 2. ജർമനിയുടെ കാർഷികവരുമാനം 12 ദശലക്ഷം മാർക്ക് (mark) വർധിപ്പിക്കും.
1931 ആഗസ്റ്റ് 9-നു പ്രഷ്യൻ ഗവൺമെന്റിൽ നിന്നു സോഷ്യൽ ഡെമോക്രാറ്റുകളെ പുറത്താക്കാൻ നടത്തിയ ജനഹിതപരിശോധനയിൽ ജർമൻ കമ്യൂണിസ്റ്റു പാർട്ടി നാസി പാർട്ടിയെ പിന്തുണച്ചു. ഫാസിസവും സോഷ്യൽ റെവല്യൂഷനും (1934) എന്ന കൃതിയിൽ നാസികളും സോഷ്യൽ ഡോമോക്രാറ്റുകളും ഒരേ തൂവൽ പക്ഷികളാണെന്നാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ രജനി പാമിദത്ത് പറഞ്ഞത്. 1935-ൽ നാസി ഗവൺമെന്റിന്റെ യുദ്ധഭീഷണിയെക്കുറിച്ച് സോവിയറ്റ് റഷ്യ മുന്നറിയിപ്പു നല്കിയപ്പോൾ മാത്രമാണ് ജർമൻ കമ്യൂണിസ്റ്റ് പാർട്ടി, 'ഫാസിസത്തി'നെതിരായ ഐക്യമുന്നണിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്.
1932 ജൂലായിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് ഹിറ്റ്ലർ ജർമനിയുടെ ചാൻസലർ ആയി നിയമിതനായി. 1933 മാർച്ച് 5-നു നടന്ന തെരഞ്ഞെടുപ്പിൽ നാസികൾക്ക് വൻ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. വെയ്മർ റിപ്പബ്ലിക്കിന്റെ ഭരണഘടന റദ്ദാക്കുകയും മൂന്നാം റൈഷ് (Third Reich) എന്ന പുതിയ സ്വേച്ഛാധിപത്യഭരണകൂടം സ്ഥാപിക്കുകയും ചെയ്തു.
മുൻകാലങ്ങളിലെ സ്വേച്ഛാധിപത്യങ്ങളും നാസി സ്വേച്ഛാധിത്യവും തമ്മിലുള്ള വ്യത്യാസം, ഭീകരതയെ ഒരു ഭരണരീതിതന്നെയാക്കി വികസിപ്പിക്കുകയും ജനങ്ങളെ ഒന്നടങ്കം അനുസരണയുള്ള ജനക്കൂട്ടമാക്കി നാസിസം മാറ്റുകയും ചെയ്തു എന്നതാണ്. ജർമൻ രാഷ്ട്രത്തിന്റെയും ജനതയുടെയും തകർച്ചയ്ക്കു കാരണക്കാർ ജൂതവംശജരാണെന്നും അതിനാൽ ജൂതരെ ജർമനിയിൽ നിന്നു തുരത്തുകയോ ഉന്മൂലനം ചെയ്യുകയോ മാത്രമാണ് ജർമൻകാരുടെ മുമ്പിലുള്ള ഏക പോംവഴിയെന്നുമാണ് നാസിസം പ്രചരിപ്പിച്ചത്. നാസികളുടെ വേട്ടയ്ക്കു വിധേയരായ ജൂതരിൽ വ്യക്തികളെന്ന നിലയ്ക്ക് ഒരു കുറ്റവും ആരോപിക്കാനാവുമായിരുന്നില്ലെങ്കിലും അവർ ജൂതരാണ് എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആയിരുന്നു. ഇതാണ് നാസിഭീകരതയെ ചരിത്രത്തിൽ സമാനതകളില്ലാത്തതാക്കുന്നത്.
ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന് സോവിയറ്റ് യൂണിയനിൽ ഭരണകൂടഭീകരത പ്രയോഗിക്കപ്പെട്ടുവെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിനെതിരായി അതിനെ സൈദ്ധാന്തികമായി ന്യായീകരിച്ചിരുന്നില്ല. ഭരണകൂടത്തിന്റെയും പാർട്ടിയുടെയും പ്രായോഗിക നയനിർമിതിയുടെ ഭാഗമായിട്ടാണ് ഇത്തരം അടിച്ചമർത്തൽ ഉണ്ടായത്. എന്നാൽ, ഭീകരതയും അടിച്ചമർത്തലും നാസി പ്രത്യയശാസ്ത്രത്തിൽ സൈദ്ധാന്തികമായി ന്യായീകരിക്കപ്പെട്ടിരുന്നു. ജൂതരെയും ജിപ്സികളെയും കമ്യൂണിസ്റ്റുകളെയും ന്യൂനപക്ഷങ്ങളെയും അനാര്യവംശജരെയും തുടച്ചുനീക്കുകയെന്നത് തങ്ങളുടെ നയവും ആത്യന്തികലക്ഷ്യവുമാണെന്ന കാര്യം മറച്ചുവയ്ക്കാൻ നാസികൾ ശ്രമിച്ചില്ല. അത്രത്തോളം സുതാര്യവും നിയന്ത്രണാതീതവും കുറ്റബോധരഹിതവുമായ ഭീകരതയും ഹിംസയുമാണ് നാസികൾ പ്രയോഗിച്ചത്. ജർമൻ ഭരണകൂടത്തെ ഭീകരതയുടെയും ഹിംസാത്മകതയുടെയും യാന്ത്രികസംവിധാനമാക്കി നാസികൾ മാറ്റി. നാസിസം ഭൂരിപക്ഷജനതയുടെ 'ജനാധിപത്യപര'മായ പിന്തുണയോടെ രൂപംകൊള്ളുകയും ഭൂരിപക്ഷഹിതത്തിന്റെ പ്രകാശനമാക്കി തങ്ങളുടെ പ്രത്യയശാസ്ത്രസമീപനങ്ങളെ മാറ്റുകയും ചെയ്തു.
ആത്മബോധശൂന്യരായ ആൾക്കൂട്ടത്തിന്റെ കുറ്റകരമായ മനഃശാസ്ത്രവും നാസിസവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്. മാസ് സൈക്കോളജി ഒഫ് ഫാസിസം എന്ന കൃതിയിൽ നാസിസത്തിന്റെ വളർച്ചയിൽ ബഹുജന മനഃശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ച് വിൽഹെം റീഹ് ഇക്കാര്യം വിശദമായി ചർച്ചചെയ്തിട്ടുണ്ട്. ഫാസിസ്റ്റു പ്രസ്ഥാനങ്ങൾ, മറ്റു രാഷ്ട്രീയപാർട്ടികളിൽ നിന്നു വ്യത്യസ്തമായി വമ്പിച്ച ജനപ്രിയതയെയും, വ്യക്തിപ്രഭാവമുള്ള നേതാവിനെയുമാണ് ആധാരമാക്കുന്നത്. ഒന്നാംലോകയുദ്ധാനന്തര യൂറോപ്പിൽ ജനാധിപത്യവിരുദ്ധവും സമഗ്രാധിപത്യപരവുമായ മനോഭാവത്തിന് വ്യാപകമായ പ്രചാരം ലഭിച്ചിരുന്നു. ചെറുതും വലുതുമായ ഫാസിസ്റ്റു പ്രസ്ഥാനങ്ങൾ ഇറ്റലിയിലും മറ്റു പൂർവയൂറോപ്യൻ രാജ്യങ്ങളിലും രൂപംകൊണ്ടിരുന്നു. എങ്കിലും, 'സമഗ്രാധിപത്യഭരണകൂടം' എന്ന സംജ്ഞയിൽ ആകൃഷ്ടനായിരുന്ന മുസ്സോളിനിക്കു ഹിറ്റ്ലറെപ്പോലെ ലക്ഷണമൊത്ത ഫാസിസ്റ്റു ഭരണകൂടം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.
നാസിപ്രസ്ഥാനത്തിന്റെ ജനകീയാടിത്തറയുടെ ഏറ്റവും വലിയ സവിശേഷത, രാഷ്ട്രീയത്തോടും ജനാധിപത്യമൂല്യങ്ങളോടും വിമുഖത പ്രകടിപ്പിച്ചിരുന്ന വിഭാഗങ്ങളെ വൻതോതിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. ജനാധിപത്യരാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന അംഗങ്ങളെ ഉപയോഗിച്ചുകൊണ്ട് തികച്ചും അക്രമാസക്തമായ സംഘടനാ പ്രവർത്തനശൈലി ആവിഷ്കരിക്കുവാനും ഭിന്നാഭിപ്രായങ്ങളെ അസഹിഷ്ണുതയോടെ നേരിടുവാനും രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുവാനും നാസികൾക്കു കഴിഞ്ഞു. സമൂഹത്തിലെ വരേണ്യവിഭാഗങ്ങളും ജനക്കൂട്ടവും തമ്മിലുള്ള സവിശേഷമായ ഐക്യമാണ് മിക്ക ഫാസിസ്റ്റു പ്രസ്ഥാനങ്ങളുടെയും അടിത്തറ. ഫാസിസ്റ്റു പ്രസ്ഥാനങ്ങൾ അവയുടെ സ്വേച്ഛാധിപത്യഭീകരതാ പ്രവണതകൾ മറച്ചുവയ്ക്കുന്നത് സോഷ്യലിസ്റ്റു-വംശീയതാ പ്രത്യയശാസ്ത്രത്തിലൂന്നിയ ദേശസ്നേഹമുദ്രാവാക്യത്തിലൂടെയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ