സമാസം

ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു

തൽപുരുഷൻ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ അസമാനാധികരണത്തിൽ.വിഗ്രഹിക്കുമ്പോൾ വിഭക്തി പ്രത്യയങ്ങൾ സ്പഷ്ടമാകും എന്നതാണ് തത്പുരുഷ സമാസത്തിന്റെ പ്രത്യേകത .ഉദാ :പാക്കുവെട്ടി - പാക്കിനെ വെട്ടുന്നത് എന്ന് വിഗ്രഹിക്കാം . എ എന്ന വിഭക്തി പ്രത്യയം വരുന്നതിനാൽ തത്പുരുഷ സമാസം
കർമ്മധാരയൻ‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.നീലമേഘം എന്ന സമസ്ത പദത്തിൽ നീല പൂർവ്വപദവുo മേഘം ഉത്തരപദവുമാണ്.ഉത്തര പദമായ മേഘത്തെ വിശേഷിപ്പിക്കുന്നതിനായി ചേർത്തിരിക്കുന്ന പദമാണ് നീല. വിശേഷണം നിലയും വിശേഷ്യം മേഘവുമാണ് .വിശേഷണ വിശേഷ്യങ്ങൾ പുർവ്വപദവും ഉത്തരപദവുമായി സമാസിച്ചാൽ അതു കർമ്മധാരയൻ സമാസം.
ദ്വിഗുസമാസം - പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.
ഉദ: മുക്കണ്ണൻ, നാന്മുഖൻ, ദശാനനൻ

അവ്യയീഭാവൻ - നാമത്തോട് നാമമോ അവ്യയമോ ഉപസർഗ്ഗമോ ചേർന്ന് ക്രിയയെ വിശേഷിപ്പിക്കുന്നു.
ദ്വന്ദ്വൻ - പൂർ‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
ഉദ: കൈകാലുകൾ ,രാമകൃഷ്ണൻമാർ ,മാതാപിതാക്കൾ

ബഹുവ്രീഹി - ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.ഒന്നിലധികം പദങ്ങൾ ചേർന്നു് ഒരു പദമുണ്ടാകുമ്പോൾ മൂലപദങ്ങളിൽനിന്നും വിഭിന്നമായ ഒരു അർത്ഥത്തിനു പ്രാധാന്യം വരുന്ന സമാ‍സം ആണു് ബഹുവ്രീഹി. പൂർവ്വപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം ഇല്ലാത്ത സമാസമാണിത്. ഇതിൽ പ്രാധാന്യം എന്തിനെയാണോ, ഏതിനെയാണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനാണ്. ഇത്തരം സമാസങ്ങളെ ബഹുവ്രീഹി സമാസം എന്ന് പറയുന്നു. പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത് .ഉദ: ചെന്താമരക്കണ്ണൻ
ചെന്താമര പോലെ കണ്ണുള്ളവൻ എന്നാണ് പിരിച്ചുപറയുമ്പോൾ കിട്ടുന്നത്. ഇവിടെ ചെന്താമരക്കും കണ്ണിനും പ്രാധാന്യം ഇല്ല. ആർക്കാണോ ഇത്തരം കണ്ണുള്ളത് അയാൾക്കാണ് ഇതിൽ പ്രാധാന്യം. അതുവഴി അദ്ദേഹത്തിന് വിശേഷണവുമായി ഈ പദം മാറുന്നു.

ബഹുവ്രീഹി: ബഹു = വളരെ, വ്രീഹി = നെല്ല്, ബഹുവ്രീഹി = വളരെ നെല്ലു വിളയുന്ന സ്ഥലം. സ്ഥിരബുദ്ധി: സ്ഥിര = ഉറച്ച, സ്ഥിരബുദ്ധി = ഉറച്ച ബുദ്ധിയുള്ളവൻ. പങ്കജാക്ഷി: പങ്കജം = താമര, അക്ഷി = കണ്ണു്, പങ്കജാക്ഷി = താമരയിതൾ പോലെയുള്ള കണ്ണുകളുള്ളവൾ, സുന്ദരി


വിഭക്തി

നാമങ്ങളുടെ അവസാനത്തിൽ അർത്ഥഭേദം കുറിക്കുന്നതിനായി ചേർക്കുന്ന രൂപങ്ങളാണ് വിഭക്തികൾ. ഏഴ് വിഭക്തികൾ ആണ് മലയാളത്തിൽ ഉള്ളത്. പ്രശസ്തമായ "നിപ്രസം ഉപ്രസം ആ" എന്ന ചുരുക്കെഴുത്തിൽ പറയാറുള്ള അവ താഴെ പറയുന്നവയാണ്

വിഭക്തി                       പ്രത്യയം                       ഉദാഹരണം

നിർദ്ദേശിക                  പ്രത്യയം ഇല്ല             മനുഷ്യൻ

പ്രതിഗ്രാഹിക            എ, ഏ                           മനുഷ്യനെ

സംയോജിക                 ഓട്, ഒട്                        മനുഷ്യനോട്

ഉദ്ദേശിക                        ക്ക്, ന്                             മനുഷ്യന്, സ്ത്രീക്ക്

പ്രയോജിക                   ആൽ                              മനുഷ്യനാൽ

സംബന്ധിക                   ൻറെ, യുടെ                 മനുഷ്യൻറെ

ആധാരിക                      ഇൽ, കൽ                     മനുഷ്യനിൽ

* എന്തിനെ? ആരെ? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് പ്രതിഗ്രാഹിക വിഭക്തി നൽകുന്നത്. എന്നാൽ നപുംസക ശബ്ദങ്ങളിൽ പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമായ "എ" ചേർക്കേണ്ട ആവശ്യമില്ല

ഉദാ: വെള്ളം കുടിച്ചു, ദൈവത്തെ കണ്ടു

* ആരോട്? എന്തിനോട്? എന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് സംയോജിക നൽകുന്നത്

ഉദാ: അവളോട്

* ഉദ്ദേശിക്കുന്നത് ആർക്ക്? എന്തിന്? എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഉദ്ദേശിക നൽകുന്നത്

ഉദാ: അവൾക്ക്

* ഒരു കാരണത്തെ സൂചിപ്പിക്കുന്നതാണ് പ്രയോജിക. എന്തിനാൽ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത് നൽകുന്നത്

ഉദാ: അവനാൽ

* ആരുടെ എന്ന ചോദ്യവുമായി ബന്ധപ്പെട്ടതാണ് സംബന്ധിക

ഉദാ: അവളുടെ

* എന്തിൽ ആണ് ആധാരമായി ഇരിക്കുന്നത് എന്നതാണ് ഈ വിഭക്തി നൽകുന്നത്

ഉദാ: അവളിൽ

തദ്ധിതം

നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമപദങ്ങളാണ് തദ്ധിതങ്ങൾ. തദ്ധിതങ്ങളെ ആറായി തിരിച്ചിരിക്കുന്നു.

1. തന്മാത്രാ തദ്ധിതം : ഒരു ഗുണത്തെ മാത്രം എടുത്ത് കാണിക്കുന്ന തദ്ധിതം. ഗുണം, നാമം, സർവ്വനാമം, വിശേഷണം ഇവയോടാണ് ഈ തദ്ധിതം ചേരുന്നത്. മ, ആയ്മ, തം, തരം, തനം എന്നീ ശബ്ദങ്ങൾ ആണ് ഉപയോഗിക്കുന്നത് 

ഉദാ: പുതുമ, പോരായ്മ, ഗുരുതരം, കേമത്തം,

2. തദ്വത്ത് തദ്ധിതം : അതുള്ളത്, അതുപോലുള്ളത്, അവിടെ നിന്നും വന്നിട്ടുള്ളത് എന്നീ അർത്ഥ വിശേഷങ്ങൾ കാണിക്കാൻ ഉപയോഗിക്കുന്നു. വൻ, വൾ, ആൾ, ആളൻ, ആളി, അൻ, കാരൻ, കാരി, കാരത്തി ഇവയെല്ലാം പ്രത്യയങ്ങളാണ്.

ഉദാ: കൂനൻ, വേലക്കാരൻ, മലയാളി, വടക്കൻ, മടിയൻ

3. നാമനിർമ്മയി തദ്ധിതം : അൻ, അൾ, തു എന്നീ പ്രത്യയങ്ങൾ പേരെച്ചത്തോട് ചേർത്തുണ്ടാക്കുന്നത്

ഉദാ: കണ്ടവൻ, കണ്ടവൾ, കണ്ടത്, വെളുത്തവൻ, വെളുത്തവൾ, വെളുത്തത്

4. പൂരണിതദ്ധിതം : സംഖ്യാ ശബ്ദത്തിൽ നിന്നും തദ്ധിതം ഉണ്ടാക്കുന്നതാണ് പൂരണിതദ്ധിതം. ആം, ആമത്തെ എന്നീ പ്രത്യയങ്ങൾ ചേർക്കും

ഉദാ: ഒന്നാം, ഒന്നാമത്തെ

5. സംഖ്യാ തദ്ധിതം : സംഖ്യാ വിശേഷണങ്ങളിൽ ലിംഗവചനങ്ങൾ ചേർത്ത് ഉള്ള ശബ്ദം. വൻ, വൾ, വർ എന്നിവയാണ് പ്രത്യയങ്ങൾ

ഉദാ: ഒരുവൻ, ഒരുവൾ, മൂവർ

6. സാർവനാമിക തദ്ധിതം : സ്ഥലം, കാലം, ദേശം, പ്രകാരം, അളവ് ഇവ കുറിക്കാൻ സർവ്വനാമങ്ങളോട് പ്രത്യയങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന രൂപങ്ങൾ

ഉദാ: അങ്ങ്, ഇങ്ങ്, അത്, അത്ര, അപ്പോൾ

അവ്യയം :ഒരു വാചകം ദുഷിച്ചുണ്ടാകുന്ന ദ്യോതകങ്ങൾക്കാണ് അവ്യയം എന്ന് കേരളപാണിനീയം പേരുനൽകുന്നത്.ഇവ മിക്കതും രൂപകൊണ്ട് വിനയെച്ചങ്ങാളൊ ക്രിയകളോ ആണ്. കേരളപാണിനീയം ഇവയ്ക്ക് നൽകുന്ന ഉദാഹരണങ്ങൾ കൊണ്ട് ,കുറിച്ച്,നിന്ന് മുതലായവയാണ്.ഈ ശബ്ദങ്ങൾ രൂപംകൊണ്ട് വിനയച്ചങ്ങളാണെങ്കിലും വ്യാകരണപരമായി ദ്യോതകങ്ങളുടെ വർഗത്തിലാണ് പെടുക. ദ്യോതകങ്ങളിലെ രണ്ടാമത്തെ വിഭാഗമായ നിപാതങ്ങൾക്ക് പ്രത്യക്ഷത്തിൽ ഇതര വ്യാകരണവിഭാഗങ്ങളിൽ ഏതെങ്കിലുമായി സാദൃശ്യമില്ല. ഉം,ഏ,ഓ, തുടങ്ങിയ ശബ്ദങ്ങളാണ് അവയ്ക്ക് ഉദാഹരണങ്ങളായി കേരളപാണിനീയം നൽകുന്നത്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ